Friday, July 8, 2022
#ശൈഖ്_അൻവർ_അബ്ദുള്ള_ഫള്ഫരി;
#വിശ്വപാണ്ഡിത്യത്തിന്റെ_വേറിട്ട_മലയാളിമുഖം
അറബ് ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന ജീവിച്ചിരിക്കുന്ന ഈ മലയാളി പണ്ഡിതനെ നമ്മിൽ എത്ര പേർക്കറിയാം!!?.
കേരളക്കരയുടെ വൈജ്ഞാനിക പരിസരങ്ങളിൽ കേളി കേട്ട പണ്ഡിത തറവാടാണ് "ഫള്ഫരി" കുടുംബം. അറിവിന്റെ ആഴമറിഞ്ഞ ധാരാളം പണ്ഡിത പ്രതിഭകളെ ഈ മണ്ണിന് സംഭാവന ചെയ്ത വലിയൊരു കുടുംബം. അക്കൂട്ടത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ പ്രധാനിയാണ് ശൈഖ് അബൂ സുഹൈൽ അൻവർ അബ്ദുള്ള ബാഖവി അൽ ഫള്ഫരി. നാനോന്മുഖമായ
വൈജ്ഞാനിക പ്രസരണ രംഗത്ത് അനൽപമായ സംഭാവനകളർപ്പിച്ച് കൊണ്ടിരിക്കുന്ന ഇദ്ദേഹം സുന്നി കൈരളിക്ക് സുപരിചിതനായ "കുട്ടി മുസ്‌ലിയാർ" എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന അബ്ദുറഹ്മാൻ ഫള്ഫരിയുടെ മൂന്നാമത്തെ പുത്രനാണ്. ഹി.1379 (ക്രി.1959) സ്വദേശമായ മലപ്പുറം പടിഞ്ഞാറ്റുംമുറിയിലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം സ്വദേശത്ത് നിന്ന് പൂർത്തിയാക്കി. ശേഷം പിതാവിന്റെ കൂടെ ബാഖിയാത്തിൽ പോയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം തിരിച്ച് വന്ന് പടിഞ്ഞാറ്റുമുറി, വടകര ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം അറബിക് കോളേജ്, ചാവക്കാട് എന്നിവിടങ്ങളിൽ പഠിച്ചു. ഉപരിപഠനാർത്ഥം 1982ൽ വെല്ലൂർ ബാഖിയാത്തിൽ ചേർന്ന് രണ്ട് വർഷത്തെ പഠനത്തിന് ശേഷം ഒന്നാം റാങ്കോടെ ബാഖവി ബിരുദം കരസ്ഥമാക്കി.
ശൈഖ് അബ്ദുൽ ജബ്ബാർ സത്ത്, കമാൽ ഹസ്രത്ത്, ശൈഖ് സൈനുൽ ആബിദീൻ,
റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ, വടകര കുഞ്ഞബ്ദുല്ല മുസ്ലിയാർ, ജ്യേഷ സഹോദരൻ സാലിം മൗലവി, പിതാവിന്റെ പ്രമുഖ ശിഷ്യനായ വെള്ളില മുഹയിദ്ദീൻ കുട്ടി മുസ്ലിയാർ, സഹോദരി ഭർത്താവ് സഈദ് അലി ഹ്രസത് എന്നിവരാണ് പ്രധാന ഗുരുനാഥർ.
മത വിഷയങ്ങൾക്കും അറബി ഭാഷക്കും പുറമെ ഉർദു, ഫാരിസി, ഇംഗ്ലീഷ്, തമിഴ് ഭാഷകൾ പഠിക്കുകയും കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് അഫ്സലുൽ ഉലമ പാസാവുകയും ചെയ്തു.
പഠന ശേഷം മലപ്പുറം മുണ്ടുപറമ്പ് ജുമാ മസ്ജിദിൽ മുദരിസായി സേവനമാരംഭിച്ചു. മൂന്ന് വർഷത്തിനു ശേഷം 1986ൽ പൊന്നാനി മഊന തുൽ ഇസ്ലാം അറബിക് കോളേജിൽ അധ്യാപകനായി. തുടർന്ന് 1990ൽ പ്രൻസിപ്പലായി നിയമിതനായി. മൂന്ന് വർഷത്തിന് ശേഷം 1993 ൽ തന്റെ പിതാവടക്കം പ്രഗൽഭ പണ്ഡിതർ ദർസിന് നേതൃത്വം നൽകിയിരുന്ന മലപ്പുറം ആലത്തൂർപ്പടി(പൊടിയാട്) പള്ളിയിൽ വിപുലമായി ദർസ് നടത്തിയിരുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം അധ്യാപനത്തിന് വേണ്ടി റിയാദിലേക്ക് ഔദ്യോഗികമായി ക്ഷണിക്കപ്പെട്ടു. തന്റെ അക്കാദമിക ജീവിതത്തിലെ വഴിത്തിരിവാകുകയായിരുന്നു ഈ പ്രവാസജീവിതം. അന്ന് മുതൽ സഊദി തലസ്ഥാനമായ റിയാദിൽ അറബ് സഹോദരങ്ങൾക്ക് മത വിജ്ഞാനീയങ്ങൾ പകർന്ന് നൽകി വരുന്നു. അദ്ദേഹത്തിന്റെ വിജ്ഞാനത്തിന്റെ ആഴം മനസ്സിലാക്കിയ വിദേശ സുഹൃത്തുക്കളുടെ സ്നേഹാഭ്യാർത്ഥനയാണ് അദ്ദേഹത്തിന്റെ മിക്ക കൃതികളുടെയും പ്രേരകം.
കർമശാസ്ത്രം, നിദാനശാസ്ത്രം, അറബി വ്യാകരണം, സാഹിത്യം, ഖുർആൻ വ്യാഖ്യാനം തുടങ്ങി വിവിധ ഇസ്ലാമിക വിജ്ഞാന മേഖ ലകളിലായി അനവധി കനപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ദർസ് പഠന കാലത്ത് തന്നെ മലയാള കവിത, അറബി കവിത, ലേഖനം, കാർട്ടൂൺ, ചിത്രരചന എന്നിവയിൽ പ്രത്യേക അഭിരുചി പ്രകടിപ്പിച്ചിരുന്നു. ഈജിപ്ത്, സിറിയ, സഊദി എന്നീ രാജ്യങ്ങളിലെ അറിയപ്പെട്ട പ്രസാധകരാണ് പല കൃതികളും പ്രസിദ്ധീകരിച്ചത് എന്നത് അദ്ദേഹത്തിന്റെ വൈജ്ഞാനിക മികവിനുള്ള അംഗീകാരമാണ്. അറബി ഭാഷയിലാണ് മിക്ക കൃതികളെങ്കിലും മലയാളത്തിലും ഉർദുവിലും ചില ഗ്രന്ഥങ്ങളുണ്ട്. വല്യപ്പയായ ശൈഖ് അബ്ദുൽ ഖാദിർ ഹരിയുടെ അറബി സംഭാവനകളെക്കുറിച്ച് ഗവേഷ പ്രബന്ധം തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയ ത്തിന്റെ അറബി, ഫാരിസി ഭാഷയുടെ ഉന്നമനത്തിന് നൽകുന്ന ഫെലേോഷിപ്പോടെയായിരുന്നു പഠനം. പിതാവിന്റെ അറബി കവിതകൾ സമാഹരിച്ച് റവാഇസുഹൂർ എന്ന പേരിൽ പ്രസിദ്ധീകരിച്ചു.
നിരവധി അറബി പ്രശംസാ കാവ്യങ്ങളും അനുശോചന കാവ്യങ്ങളും രചിച്ചിട്ടുണ്ട്. ശംസുൽ ഉലമാ ഇ.കെ അബൂബകർ മുസ്ലിയാർ, ഉസ്താദ് വെള്ളില മൊയ്തീൻ കുട്ടി മുസ്ലിയാർ, മുഹമ്മദലി ശിഹാബ് തങ്ങൾ ഉമറലി ശിഹാബ് തങ്ങൾ, കാളമ്പാടി മുഹമ്മദ് മുസ്ലിയാർ, ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ, ജ്യേഷ്ഠൻ മുഹമ്മദ് സാലിം മൗലവി, മാതാവ് റുഖയ്യ ഫദ്ഫരിയ തുടങ്ങിയവരും ഈയടുത്ത് വിടപറഞ്ഞ സമസ്തയുടെ അനേകം പണ്ഡിതരെ പേരിൽ രചിച്ച അനുശോചന കാവ്യങ്ങൾ രചിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന അറബി കവികളിൽ പ്രഥമരിൽ പ്രധാനിയായ അദ്ദേഹം സമകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെക്കുറിച്ച് നിരന്തരമായി കവിതകൾ എഴുതി കൊണ്ടിരിക്കുന്നു.
ഇന്ത്യയിൽ ദേശീയാടിസ്ഥാനത്തിൽ നടത്തിയ പ്രവാചക പ്രകീർത്തന കവിത രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ കവിത വിശദീകരണ സഹിതം സഊദിയിൽ നിന്നും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റുപല മത്സരങ്ങളിലും അദ്ദേഹത്തിന്റെ കവിത മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
#പ്രധാന_കൃതികൾ
(1) അന്നള്മുൽവഫിയ്യ് ഫിൽ ഫിഖ്ഹിശ്ശാഫിഈ;
ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ ഫത്ഹുൽ മുഈനിന്റെ മത്നായ ഖുർതുൽ ഐനിന്റെ കാവ്യാവിഷ്കാരമാണിത്. പദപ്രയോഗങ്ങളിലും സാമ്യത പുലർത്താൻ കവി ശ്രമിക്കുന്നുണ്ട്. 999 വരികളിൽ അതിലുള്ള എല്ലാ കർമ ശാസ്ത്ര വിഷയങ്ങളും ഹ്രസ്വമായി പ്രതിപാദിക്കുന്നു. ശറഹിൽ വരുന്ന പ്രധാന മസ്അലകളും കവിതയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ കൃതിക്ക് കാവ്യാവിഷ്കാരം നൽകാൻ സാധിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തലെ വലിയ അനുഗ്രഹമായിരുന്നു. ശഅ്ബാൻ മാസത്തിലാണ് ഇതിന്റെ രചന പൂർത്തിയായത്. ആ അവസരത്തിൽ അദ്ദേഹം സൈനുദ്ദീൻ മഖ്ദൂമിനെ സ്വപ്നത്തിൽ ദർശിക്കുകയും തന്റെ കൃതിയെ പരിചയപ്പെടുത്തുകയും ചെയ്തു. മഖ്ദൂം സന്തോഷം അറിയിക്കുകയും മൂന്ന് പ്രാവിശ്യം തന്റെ നെറ്റിയിൽ ചുംബിക്കുകയും ചെയ്തു (അദ്ദേഹവുമായി നടത്തിയ ഒരഭിമുഖത്തിൽ പറയുന്നത് കേട്ടിട്ടുണ്ട്) ഈ കൃതിക്ക് മഹാനവർകൾ നൽകിയ ഇജാ സത്തായിട്ടാണ് അദ്ദേഹം ഇതിനെ കാണുന്നത്. അതേ റമദാനിൽ തന്നെ കിതാബ് അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും വലിയ സ്വീകാര്യത ലഭിക്കു കയും ചെയ്തു. ശാഫിഈ മദ്ഹബിന് പ്രചാരമുള്ള വിവിധ ലോകരാജ്യങ്ങളിൽ ഗ്രന്ഥം എത്തുകയും പല യൂണിവേഴ്സിറ്റികളിലും മറ്റും പഠിപ്പിക്കപ്പെടുകയും ചെയ്യുന്നു.
(2) തൻവീറുൽ ഐനൈൻ ബി ശറഹി തഫ്സീരിൽ ജലാലൈൻ; വിശ്വ പ്രസിദ്ധമായ തഫ്സീറുൽ ജലാലൈനിക്ക് എഴുതിയ കനപ്പെട്ട വ്യഖ്യാനം. 4 വാള്യങ്ങളിലായി 2846 പേരുകളുള്ള ഗ്രന്ഥം. ജലാലൈനിക്ക് പുതിയ കാലത്ത് എഴുതപ്പെട്ട പ്രധാനപ്പെട്ട പൗരാണിക തഫ്സീർ ഗ്രന്ഥങ്ങളെ അവലംബമാക്കി രചിക്കപ്പെട്ട മികച്ച വ്യാഖ്യാനമാണീ തഫ്സീർ.
(പ്രസ്തുത ഗ്രന്ഥം പ്രസാധനം ചെയ്യുന്നതിന് മുമ്പ് തന്നെ രചയിതാവ് അത് നേരിട്ട് കാണിച്ച് തരുകയും ചില ഭാഗങ്ങൾ നോക്കാനും സൗഭാഗ്യമുണ്ടായിട്ടുണ്ട്).
(3) അൽ ഖലാഇദുൽ ജലിയ്യ ഫിൽ ഖവാഇദിൽ ഉസ്വൂലിയ്യ; നിദാന ശാസ്ത്രത്തിലെ പ്രധാന വിഷയങ്ങൾ പദ്യരൂപത്തിൽ ലളിതമായി വിവരിക്കുന്ന ഈ കൃതി 777 വരികളാണ്. ഒന്നാം പതിപ്പ് 2006-ൽ സഊദി സർക്കാറിന്റെ അംഗീകാരത്തോടെ ഈജിപ്തിലാണ് പ്രസിദ്ധീകരിച്ചത്. ജംഉൽ ജവാമിഅ്, റൗളതുന്നാളിർ, അൽ ജാമിഅ് എന്നിവയാണ് പ്രധാന അവലംബങ്ങൾ.
(4) അന്നള്മുൽ ജലി ഫിൽ ഫിഖ്ഹിൽ ഹമ്പലി;
കർമശാസ്ത്രത്തിലെ പ്രധാന അധ്യായങ്ങൾ ഹമ്പലി മദ്ഹബിനനുസരിച്ച് വിവരിക്കുന്ന ഈ കവിതയിൽ 888 വരികളാണുള്ളത്.
"ശാഫിഈ മദ്ഹബുകാരനായ കേരള പണ്ഡിതൻ രചിക്കുന്ന ഹമ്പലി കൃതി" എന്നത് ഇതിന്റെ പ്രധാന സവിശേഷതയാണ്.
മദീനയിലടക്കം സഊദിയിലെ വിവിധ ഭാഗങ്ങളിൽ ഈ കൃതി അധ്യാപനം നടത്തുകയും ഒട്ടേറെപേർ ഹൃദിസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. മദീന ഹറം ഇമാം അഹ്മദ് അൽ ത്വാലിബ് അടക്കം നിരവധി പണ്ഡിതർ ഇതിന്റെ ഇജാസത്ത് രചയിതാവിൽ നിന്ന് തന്നെ വാങ്ങിയിട്ടുണ്ട്. മദീന അത്വൈബ യൂനിവേഴ്സിറ്റി പ്രൊഫസർ ഡോ.ആമിർ ബഹ്ജത്ത് ഇതിന് വ്യാഖ്യാനം രചിക്കുകയും നിരവധി തവണ അധ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്.
(5) മുത്അത്തുൽ അഹാദീസ് ശർഹു നള്മിൽ മവാരിഥ്; ഹമ്പലി മദ്ഹബിലെ അനന്തരാവകാശ നിയമങ്ങളെക്കുറിച്ച് മാത്രമായി 111 വരികളും വിവരണങ്ങളും അടങ്ങുന്ന ഒരു കൃതി.
(6) ശറഹുൽ മൻളൂമതിൽ
ഫള്ഫരിയ്യ ഫിൽ ഖവാഇദിൽ ഫിഖ്ഹിയ്യ; കർമ ശാസ്ത്ര പൊതു തത്വങ്ങൾളെ കുറിച്ച് പ്രതികരിക്കുന്ന 144 വരികളിൽ പ്രധാനപ്പെട്ട 72 ഖാഇദകളെ ഉദാഹരണ സഹിതം ഉൾക്കൊള്ളിക്കുന്നു. പാരമ്പര്യ കൃതികളിൽ ഉപയോഗിക്കുന്ന പദങ്ങൾ തന്നെ കവിതയിലും ഉപയോഗി ക്കുന്നതിനാൽ, പഠിതാക്കൾക്ക് ഹൃദിസ്ഥമാക്കാൻ സഹായകരമാണ്.
(7) അർറൗളുൽ മുസ്മിർ ഫീ നള്മി ഇജ്മാഇ ഇബ്നി മുൻദിർ;
പണ്ഡിതരുടെ ഏകോപിത അഭിപ്രായങ്ങളെ സമാഹരിച്ച വിശ്വപ്രസിദ്ധ ഗ്രന്ഥമാണ് ഇബ്നു മുൻദിറിന്റെ ഇജ്മാഅ് എന്ന ഗ്രന്ഥത്തിന്റെ പ്രഥമ കാവ്യാവിഷ്കാരമാണ് ഈ കൃതി. 963 വരികളുള്ള ഈ കാവ്യാവിഷ്കാരം കർമ ശാസ്ത്ര രചനാ രംഗത്തെ പുതിയ കാൽവെപ്പായി വിലയിരുത്താം.
(8) അൽമിഅവിയ്യതുൽ ഫദ്ഫരിയ്യ ഫീ മസാഇലിൽ ഫർദിയ്യ;
അനന്തരാവകാശ നിയമങ്ങൾ വിശദമായി പ്രതിപാദിക്കുന്ന കവിത യാണിത്. 101 വരികളിലായി ക്രമീകരിച്ച ഈ ഗ്രന്ഥം റിയാദിലെ ദാറുസമീഇയാണ് ഇതിന്റെ പ്രസാധകർ.
അനന്തരവകാശ നിയമങ്ങളിൽ ഗ്രന്ഥകാരനുള്ള പ്രാഗൽഭ്യം അടയാളപ്പെടുത്തുന്നതാണീ കൃതി. കർമശാസ്ത്രത്തിലെ ഏറെ പ്രാധാന്യമർഹിക്കുന്ന അനന്തരവകാശ നിയമങ്ങളെ എല്ലാവർക്കും ഗ്രഹിക്കാവുന്ന രീതിയിൽ ഏറെ സരളവും പ്രയോഗിക ഉദാഹരണങ്ങൾ നിരത്തിയുമാണ് അവതരിപ്പിക്കുന്നത്. ഈ വിഷയത്തിൽ ശാഫിഈ, ഹമ്പലി മദ്ഹ ബുകളിലായി അറബിയിലും മലയാളത്തിലും ഗദ്യ-പദ്യ രീതിയിൽ അദ്ദേഹം രചനകൾ നിർവ്വഹിച്ചുവെന്നത് ഏറെ പ്രസ്താവ്യമാണ്.
(9) ലാമിയതുൽ ഹിൽ: സഊദി പണ്ഡിതനായ ബകർ അബു സൈദ് രചിച്ച ഹിൽയതു ത്വാലിബിൽ ഇൽമ് എന്ന കൃതിയുടെ പദ്യാവിഷ്കാരം. മത വിദ്യാർത്ഥിയുടെ ആധ്യാത്മികതയാണ് പ്രമേയം.
ഫിഖ്ഹ്, തഫ്സീർ തുടങ്ങിയ മത വിഷയങ്ങൾക്ക് പുറമെ രചന വൈഭവമറിഞ്ഞ മറ്റൊരു മേഖലയാണ് അറബി സാഹിത്യവും ഭാഷാ വ്യാകരണവും. അറബി അലങ്കാര ശാസ്ത്രം സരളമായ ഭാഷയിൽ വിവരിക്കുന്ന അൽ ബുൽഗത ഫീ ഫുനനിൽ ബലാഗ, അറബി വ്യാകരണ നിയമങ്ങൾക്കതീതമായ കാര്യങ്ങളെ ഉദാഹരണ സഹിതം വിശദീകരിക്കുന്ന ഗദ്യ രൂപത്തിലുള്ള കൃതിയായ അൽ ഇസ്തിഥ്ാതു മിനൽ ഖവാഇദിൽ അറബിയ്യ അറബി ഭാഷയുമായും വ്യാകരണ നിയമവുമായും ബന്ധപ്പെട്ട പ്രത്യേക വിവരങ്ങളുടെ കാവ്യാവിഷ്കാരവും അതിന്റെ വിവരണവുമടങ്ങിയ അർഹുഥരി അലാ ഗുലാഥിയ്യാത്തിൽ ഫദ്ഫരി, അറബി ഭാഷയിലെ അക്കങ്ങളുടെ വ്യാകരണ നിയമങ്ങൾ സരളമായി പ്രതിപാദിക്കുന്ന ഇഹ്കാമുൽ ഉദദ് ഫീ അഹ്കാമിൽ അദദ് തുടങ്ങിയവയാണ് ഈ മേഖലിയലെ പ്രധാന കൃതികൾ.
ഇതിന് പുറമെ മലയാളത്തിൽ അനന്തരാവകാശ നിയമത്തെക്കുറിച്ചും ഹജ്ജ്, ഉംറയെക്കുറിച്ചും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇപ്പോളും പുതിയ പുസ്തകങ്ങളുടെ പണിപ്പുരയിലാണദ്ദേഹം. ഇത്രയേറെ കനപ്പെട്ട നിരവധി ഗ്രന്ഥങ്ങൾക്കുടമയായ അദ്ദേഹം കേരളം മുസ്ലിം ലോകത്തിന് സംഭാവന ചെയ്ത വിശ്വപണ്ഡിതനാണ്. പല ഗ്രന്ഥങ്ങളും നിരവധി അറബ് സഹോദരങ്ങൾ അദ്ദേഹത്തിൽ നിന്ന് തന്നെ പഠിക്കാൻ താൽപ്പര്യപ്പെടുന്നു എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.
അറബ് ലോകത്ത് കോടതികളിൽ തീർപ്പാകാതെ പോയ നിർണായകമായ പലഘട്ടങ്ങളിലും കർമ്മ ശാസ്ത്ര പരമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
വന്ദ്യരായ ളിയാഉദ്ദീൻ ഫൈസി Ziyaudheen Faizy (അദ്ദേഹത്തിന്റെ അമ്മാവൻ കൂടിയാണ് അൻവർ ഉസ്താദ്), പ്രിയ ഗുരു അബ്ദുസ്സലാം ഫൈസി എടപ്പാൾ.. തുടങ്ങി ധാരാളം ശിഷ്യരുളള അദ്ദേഹത്തിന്റെ ശിഷ്യരിൽ ബഹുഭൂരിഭാഗവും
ജഡ്ജിമാരും ഗവർണമെന്റ് ഉദ്യോഗസ്ഥരുമെല്ലാം അടങ്ങുന്ന വലിയൊരു വിഭാഗം അറബ് ജനതയാണ്.
വിവിധ വിഷയങ്ങളിലുള്ള ക്ലാസ്സുകൾ യൂട്യൂബിൽ ലഭ്യമാണ്.
സാമൂഹിക മേഖലയിലും സജീവമായ അദ്ദേഹം ജേഷ്ഠ സഹോദരൻ സാലിം മൗലവിയുടെ നിര്യാണത്തിന് ശേഷം പടിഞ്ഞാറ്റുംമുറി വെസ്റ്റ് മഹല്ല് ഖാദി, ഫസ്ഫരി എജുക്കേഷണൽ കോംപ്ളക്സിന്റെ ജന.സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. പിതാവിന്റെ സഹോദയനായ അബ്ദുല്ല ഫദ്ഫരിയുടെ മകൾ റൈഹാനയാണ് ഭാര്യ. മുഹമ്മദ് അബ്ദുറഹ്മാൻ, സുഹൈൽ റഹ്മാനി, നിലവിൽ ഈജിപ്തിലെ അൽ അസ്ഹറിൽ ഗവേഷണ വിദ്യാർത്ഥിയായ സ്വാലിഹ് വാഫി( Salih Fazfari ) എന്നിങ്ങനെ രണ്ട് പുത്രൻമാരും നൂറുന്നീസ, നജ്മുന്നീസ, വഫിയ്യ വിദ്യാർത്ഥിനിയായ നൗഫ എന്നീ മൂന്ന് പുത്രിമാരുമുണ്ട്.
അല്ലാഹു സുദീർഘ കാലം ഉമ്മതിന്റെ ഉത്ഥാന വഴികളിൽ ശോഭനമായ സേവനങ്ങൾ അർപ്പിക്കാൻ തൗഫീഖ് നൽകട്ടെ- ആമീൻ
അധിക വിവരങ്ങൾ ലഭ്യമായത് അദ്ദേഹത്തിന്റെ ജേഷ്ഠ സഹോദരൻ അബ്ദുൽ ഖാദിർ ഫള്ഫരിയുടെ പുത്രൻ ജാബിർ അലി ഹുദവി(M.K M. Jabir Ali al-Hudawi) രചിച്ച ഫള്ഫരി കോംപ്ലക്സ് പ്രസാധനം ചെയ്ത
അബ്ദുറഹ്മാൻ ഫള്ഫരി ജീവ ചരിത്ര ഗ്രന്ഥത്തിൽ നിന്നാണ്.
പ്രസ്തുത ഗ്രന്ഥത്തിലൂടെ ഫള്ഫരി കുടുംബത്തെ കൂടുതൽ മനസ്സിലാക്കാൻ കഴിയും.
🖋️ ഒ.എം സയ്യിദ് ആദിൽ ഹസൻ വാഫി
Sayyid Adhil Hassan Om